2014, ജൂലൈ 7, തിങ്കളാഴ്‌ച

നമ്മുടെ ദൈവങ്ങള്‍





നിങ്ങള്‍ തെരുവിലലയുന്ന
ദൈവങ്ങളെ കണ്ടിട്ടുണ്ടോ?
ഒരു നിറങ്ങളുടെയും കൂട്ടില്ലാതെ
ഒരു ആരധനാലയങ്ങളുടെയും
അകമ്പടിയില്ലാതെ..
വെള്ളയും കാവിയും പച്ചയും
നിറങ്ങള്‍ പുറത്തേയ്ക്കെറിഞ്ഞു
വസ്ത്രങ്ങളേ ഇല്ലാതെ..
അല്ലങ്കില്‍ ചിലപ്പോള്‍ നാമം മാത്രമായി
നിറമില്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന
പിഞ്ചിപ്പോയ, കളറുകള്‍ അശേഷമില്ലാത്ത
വസ്ത്രങ്ങളുമായി തെരുവുകള്‍ തോറും
അലയുന്ന ദൈവങ്ങള്‍...

കണ്ണീരുണങ്ങിയ പാടുകളും
എല്ലുകള്‍ ഉന്തിയ ശരീരവുമായി
ആശ്രയമില്ലാത്ത, വൃദ്ധരൂപം പൂണ്ടും
ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങളായും,
മാറാരോഗങ്ങളാല്‍, വ്യധികളാല്‍ അവശരായും  തിരസ്കൃതരായും, നശിപ്പിക്കപ്പെട്ട യവ്വനങ്ങളായും
ദൈവങ്ങള്‍ തളര്‍ന്നിരിക്കുന്നു..
നാം കണ്ണടക്കുന്നു, കാണുന്നതേയില്ല
കണ്മുന്പിലുള്ള ഈ ദൈവങ്ങളെ...
കാണുന്നതേയില്ലീ ദൈവങ്ങളെ ..

നമുക്ക് വേണ്ടത്, നാം തിരയുന്നത്
വര്‍ണക്കൊടികളുടെയും
തോരണങ്ങളുടെയും പട്ടു വസ്ത്രങ്ങളുടെയും
പളുപളുപ്പില്‍ തിളങ്ങുന്ന ദൈവങ്ങളെയാണ്
വെളുപ്പിനാലും കാവിയാലും പച്ചയാലും
പൊതിഞ്ഞുവരുന്ന ദൈവങ്ങളെ..

നാം കണ്ണടക്കുന്നു, കാണുന്നതേയില്ല
കളറുകളില്ലാത്ത ഈ ദൈവങ്ങളെ...

എവിടെ വര്‍ണ്ണക്കളറുകളില്‍
പൊതിഞ്ഞ നമ്മുടെ ദൈവങ്ങള്‍?

2014, ജൂലൈ 6, ഞായറാഴ്‌ച

ശൂന്യം..


ജരാനരകള്‍ തുന്നിച്ചേര്‍ത്ത
ഋതുക്കള്‍...
വരണ്ടുണങ്ങി നരച്ചു
പോയ വസന്തം
ഒരു വിഷാദത്തിന്റെ പുതപ്പിനുള്ളില്‍
അഭയം തേടുന്നു.
വാക്കുകള്‍ അടര്‍ന്നു പോയ
ഞാനപ്പോള്‍ തിളച്ചു തൂവുന്ന
ചിന്തകളുടെ അഗ്നിപര്‍വ്വതങ്ങള്‍ കൊണ്ട്
നിശബ്ദതയാല്‍ ലാവതീര്‍ക്കുന്നു.
ശിശിരം ഇലകള്‍ പൊഴിച്ച
വൃക്ഷങ്ങള്‍ക്ക് വീശിയടിക്കുന്ന
പിശറന്‍ കാറ്റിന്റെ
ദുസ്സഹമാം കരസ്പര്‍ശനത്താല്‍
വിരസതയുടെ
ആരോഹണാവരോഹണങ്ങള്‍
സൃഷ്ടിക്കുന്നു.
ഇനിയൊരു മഞ്ഞുകാലത്തിനോ
കുത്തിയൊലിക്കുന്ന മഴക്കാലത്തിനോ
ചലനങ്ങള്‍ തീര്‍ക്കാനാവാതെ
ഉന്മാദത്തിന്റെ പിടിയില്‍
അമര്‍ന്നുപോയൊരെന്‍റെ
ചിറകുകളെ സ്വതന്ത്രമാക്കാനായി
ഇരുട്ടിന്റെ കാതിലേക്ക്
പതിഞ്ഞ ശബ്ദത്തില്‍ ഒരു അടയാളവും
ബാക്കിയാക്കാതെ ഞാന്‍ പറയുന്നു....
ഇവിടെ എവിടെയോ
ഒരു കരയും അതിലൊരു കടലും
പിന്നൊരു പുഴയും കാടും
മലയും മേടും പൂവും കായും
ഞാനും നീയും
ഉണ്ടായിരുന്നു..

2014, ജൂലൈ 5, ശനിയാഴ്‌ച

നാം



 ഒരു ചെറു തുരുത്തിലെ
ഒറ്റപ്പെട്ടൊരു തോണിതുഴയുന്ന
തളര്‍ന്നു പോയ യാത്രക്കാര്‍.
ആ യാത്രയില്‍ എപ്പോള്‍ ആണ്
നീയെനിക്ക് പ്രിയപ്പെട്ടതായത്?


കണ്ണുകള്‍ കഥപറയുകയോ
മോഹങ്ങളുടെയോ സ്വപ്നങ്ങളുടെയോ
നിറങ്ങള്‍ പൂക്കുകയോ
പ്രണയ വര്‍ണങ്ങള്‍ തളിര്‍ത്തു നിറയുകയോ
നമുക്കിടയില്‍ ഉണ്ടായിരുന്നില്ലല്ലോ

പരീക്ഷണങ്ങളുടെയും പരാജയങ്ങളുടെയും
കഥകള്‍ പറഞ്ഞുറങ്ങി പോയപ്പോഴോ
മൌനങ്ങളുറഞ്ഞു പോയ വഴികളില്‍
കുളിര്‍മഴചീളുകള്‍ പൊഴിഞ്ഞടര്‍ന്നപ്പോളോ
ആയിരിന്നിരിക്കണം നീയെന്‍റെ
സന്താപ സന്തോഷങ്ങളുടെ
കിനാപ്പൂക്കളില്‍ മധുരംനിറച്ച്
ജന്മാന്തരങ്ങളായി
ആര്‍ദ്രമായൊരു കവിതയുടെ
ശീലുമായി പറന്നിറങ്ങുന്നത്.

2014, ജൂൺ 9, തിങ്കളാഴ്‌ച

മുകിലും കാറ്റും



കാര്‍മുകില്‍ കാറ്റിനോട് പറഞ്ഞു
നമുക്ക് സന്തോഷങ്ങളും
വിഷമങ്ങളും പങ്കിടാന്‍
ഒരു സുഹൃത്തുണ്ടായിരിക്കുന്നത് നല്ലതല്ലേ
കാറ്റ് സന്തോഷത്താല്‍ വീശിപ്പറന്നു.

മേഘങ്ങള്‍ മഴത്തുള്ളികളായി വീണുടയുന്നത്
കണ്ടു കാറ്റ് പരിഭവിച്ചു.
മഴയപ്പോള്‍ മലകളെയും വൃക്ഷങ്ങളെയും
കുളിര്‍പ്പിച്ചു പെയ്തു നിറയുകയായിരുന്നു..
വേനല്ചൂടിനാല്‍ പൊള്ളിക്കരിഞ്ഞ
കുന്നപ്പോള്‍ മഴത്തുള്ളികളെ ജീവനില്‍ കൂടുതലായി
ഇഷ്ടപ്പെട്ടു തുടങ്ങുരുന്നു ..
പക്ഷെ മഴത്തുള്ളികളപ്പോള്‍
ചെറിയൊരരുവിയായി പുഴ ലക്ഷ്യമാക്കി
ഒഴുകാന്‍ തുടങ്ങി കഴിഞ്ഞിരുന്നു

ഒഴുകിപ്പടര്‍ന്ന പുഴ കുന്നുകളെ
പിന്നിലുപേക്ഷിച്ചു സമതലങ്ങളെ പുല്‍കി
സമുദ്രത്തെ സ്വപ്നംകണ്ട് ഒഴുകികൊണ്ടേയിരുന്നു
അനന്തമായി പരന്നുകിടക്കുന്ന സമുദ്രത്തെ
ദൂരെ കണ്ട പുഴയപ്പോള്‍
ആല്‍മനിര്‍വൃതിയില്‍ സ്വയം മറന്നു.

അനേകായിരം പുഴകളുടെ
സംഗമം ആണ് താന്‍ അലിഞ്ഞുചേര്‍ന്ന
ഈ സമുദ്രമെന്നറിഞ്ഞ പുഴ
സങ്കടത്താല്‍ ഒരു കൈത്തോടായി വീണ്ടും
ഒഴുകി മലയേയും വൃക്ഷങ്ങളെയും നനച്ചു പറന്നുയര്‍ന്നു
വീണ്ടും വാനില്‍ കാര്‍മേഘങ്ങളായി
കാറ്റിനോട് ചങ്ങാത്തം കൂടാനായി
കൊതിയോടെ കാത്തിരിക്കുകയായിരുന്നു.

2014, ജൂൺ 3, ചൊവ്വാഴ്ച

മഴ..



മഴ.....
കുളിരുള്ളോരു ശബ്ദം.

നീയെനിക്ക് സമ്മിശ്രമായൊരു വിരുന്ന്.
കഷ്ടങ്ങള്‍ക്കിടയില്‍ നീയൊരു
രാക്ഷയിയുടെ രൌദ്രവുമായി
മുടിയഴിച്ചിട്ടാടിത്തിമര്‍ക്കുന്നൊരു പേടി.
നനയുന്ന കൂരക്കു താഴെയൊരു
നനയാത്ത മൂലതേടിയിരുന്ന കാലങ്ങള്‍  
വറുതിയില്‍ പശിയുടെ കെടുതിയില്‍  
വെറുത്തിരുന്ന മഴക്കാലങ്ങള്‍ .

പിന്നെയൊരുപിടി ഓര്‍മ്മകള്‍
കതിരിട്ടു നിറഞ്ഞു പാകമായി
കൊയ്തെടുക്കുവാനായി
പാകിമുളപ്പിച്ചിരുന്നു നീയെന്നില്‍.

ഒരുമയുടെ, സാഹോദര്യത്തിന്റെ
ഒരു കുടക്കീഴില്‍ ഒരുമിച്ചുള്ള
യാത്രയില്‍ അടിപിടിയും
കരച്ചിലിനുമിടയില്‍ എല്ലാം മറന്നു
കുടയുപേക്ഷിച്ചുള്ള ഓട്ടങ്ങള്‍  
നനച്ചില്‍, ചിരി, ബഹളങ്ങള്‍...
നനഞ്ഞൊട്ടിയ പുസ്തകങ്ങള്‍
ഉണക്കാനായുള്ള പെടാപ്പാടുകള്‍..
പനിയും, ചുക്ക് കാപ്പിയുടെ
എരിവും മധുരവും..
അമ്മയുടെ തലോടലിന്റെ സുഖം.


പിന്നിടൊരനുഭൂതിയായി  
സ്നേഹത്തിന്റെ, പ്രണയത്തിന്റെ
ചാറ്റല്‍മഴയായ് പെയ്തുനിറഞ്ഞതും
മഴക്കാലമേ നീയറിഞ്ഞിരുന്നില്ലെ ....
എപ്പോളോ നിനച്ചിരിക്കാതെ
ഒരിക്കലൊരു മഴപെയ്ത്തിലൊലിച്ച്   
ഒഴുകിപ്പോയ നാമൊരു
കടല്‍ത്തിരപോലെ തനുവില്‍
വീണ്ടും വീണ്ടും പെയ്തിറങ്ങുന്നു
തുള്ളികളായി നനഞ്ഞൊലിച്ചിങ്ങനെ..   



2014, മേയ് 25, ഞായറാഴ്‌ച

ഓര്‍മ്മപ്പെയ്ത്ത്

മരങ്ങള്‍ പടം പൊഴിക്കുന്ന നിഴലുകള്‍
ചിത്രങ്ങള്‍ വരച്ചു രസിക്കുന്നത്
കറുത്ത അവക്തതയുടെ
ചുറ്റിപ്പിണയുന്ന രൂപങ്ങള്‍

ശാഖികളിലൂടെ അരിച്ചിറങ്ങുന്ന
അരണ്ട വെളിച്ചത്തില്‍
ഭൂത കാലത്തിന്‍റെ മരണവും
ഇന്നിന്റെ വര്‍ത്തമാനങ്ങളും
നാളെയുടെ വ്യാകുലതകളും
തെളിഞ്ഞു കാണുന്നു

അവിടവിടെ ചോര്‍ന്നൊലിക്കുന്ന
ചിതലരിച്ചയതിന്‍റെ മേല്‍ക്കൂരയിലൂടെ
അകക്കാമ്പിനെ നനച്ചു വിറപ്പിച്ചു-
തണുപ്പിച്ച് നീര്‍മണികള്‍ തുളുംമ്പിയിട്ടും
അണയാത്തൊരു ജ്വാലയില്‍
തിളച്ചു തൂവുന്നു ഓര്‍മ്മപ്പെയ്ത്ത്
ഓരൊഴിയാബാധപോലെ.

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

എന്നില്‍നിന്നുമടരാത്തവ..



.

മധുരമായെന്നും കൂടെയുള്ള  
അമ്മിഞ്ഞപ്പാലിന്റെസ്നേഹത്തെ ..
ഓര്‍മ്മ വെച്ചകാലം മുതലിങ്ങോട്ട്‌
കരുതലായി കരുത്തായി
കൂടെയുള്ളോരു അച്ഛന്‍കൈകളെ..
എന്നും ഒരുരുള എനിക്കായി കരുതിവയ്ക്കുന്ന
എന്റച്ഛന്റെ സ്നേഹത്തെ..
അരവയറിലും നിറച്ചൂട്ടി സ്നേഹിക്കുന്ന അമ്മയെ..  

കുഴമ്പും എണ്ണയും
മണക്കുന്ന അമ്മമ്മയുടെ
സ്നേഹത്തിന്റെ ഗന്ധത്തെ..  
അടിപിടിയിലും സ്നേഹമൊളിപ്പിച്ചു
അകാലത്തില്‍ വിട്ടുപോയ
കരുതലായി കൂടെ നടന്ന സോദരനെ..

കൂട്ടായി നിഴലായി
കൂടെനടക്കുന്ന അനുജത്തിയെ..
കൂട്ടുകാരിയായി 
സോദരിയായി പടികടന്നു വന്നവളെ
ഉള്ളറിയുന്ന പ്രിയ സ്നേഹിതയെ..

മഷിത്തണ്ടിലും മഞ്ചാടിക്കുരുവിലും
മയില്‍പ്പീലിത്തുണ്ടിലും പുസ്തകത്താളിലും
ഇഴചേര്‍ത്തു കോര്‍ത്തിട്ടും  
കൊഴിഞ്ഞകന്ന ബാല്യസ്മരണകളെ...

ഹൃദയത്തിലൊളിപ്പിച്ച
പായല്‍ മൂടിയ നീയെന്ന മധുരത്തെ...
നിഴലും നിലാവും കൈകോര്‍ക്കുന്ന
നമ്മള്‍ നടന്നകന്നീയിടവഴികളെ..
ആട്ടിയോടിച്ചിട്ടും നിലക്കാത്ത 
ഓര്‍മ്മപ്പെയ്ത്തില്‍ കവിള്‍
നനയിക്കുന്നീ മുത്തുമണികളെ..

എന്റെ പ്രാണനില്‍ ഒട്ടിപ്പിടിച്ചവയിവ.